Friday, May 9, 2008

അവള്‍

സ്നേഹം എന്നെ നോക്കി ചിരിക്കുന്നത്
ഞാന്‍ കണ്ടു. അവള്‍ വീണ്ടും വീണ്ടും
പൊട്ടിച്ചിരിച്ചു. അര്‍ത്ഥമറിയാതെ
കഥകളി കാണുന്ന ലാഘവത്തോടെ
ഞാനും നോക്കിയിരുന്നു. എന്തിനാണ്
അവള്‍ എന്നെ നോക്കി ചിരിക്കുന്നത്.
എന്നെ വിഡ്ഢിയാക്കിയതിനോ?
അതോ സമനില തെറ്റിയ അവളെ
ഞാന്‍ ബുദ്ധിജീവിയായി കരുതിയതിനോ?
അറിയില്ല എനിക്കിന്നും! അറിയാന്‍
ശ്രമിച്ചില്ല എന്നതല്ലെ സത്യം. കാര്‍മേഘം
നിറച്ചു വച്ച മനസ്സില്‍ ഞാനിന്നും
അവളെ പ്രണയിക്കുന്നുവോ? അവളുടെ
ജല്പനങ്ങളെ വിശ്വസിക്കുന്നുവോ?
അവളുടെ സ്വരങ്ങള്‍ക്ക്
കാതോര്‍ത്തിരിക്കുന്നുവോ? അറിയില്ല,
എവിടെ നിന്നോ വന്നു ഞാനറിയാതെ
എന്റെ മനസ്സില്‍ ഇടം തേടി, എന്നെ
നോവിച്ചു കൊണ്ട് വീണ്ടും തിരിച്ചു
പോയി. അതല്ലെ അവള്‍ ചെയ്തത്?
അത്രയും മാത്രം? ഞാന്‍ വീണ്ടും
വീണ്ടും കണക്കുകള്‍ കൂട്ടിക്കിഴിക്കാന്‍
പ്രാപ്തിയില്ലാത്തവളെ പോലെ
അമ്പരന്നു നിന്നു! ചുറ്റിലും കണ്ട
ലോകം സത്യമോ അതോ കാണാത്ത
ലോകം ഇനിയുമുണ്ടോ?
കാണുമായിരിക്കാം, ഇല്ലായിരിക്കാം
എന്നാലും ഞാന്‍ അറിയാത്ത മനസ്സും,
അതിനുള്ളിലെ വിചാരങ്ങളും അവളെ
പോലെ സൂക്ഷിക്കുന്നവര്‍ ധാരാളം.
അവിടെയാണ് എനിക്ക് തെറ്റു
പറ്റിയത്. എന്റെ ശരികള്‍ ഒരിക്കലും
ശരികളായിരുന്നില്ലല്ലോ, തെറ്റുകള്‍
തെറ്റുകളും! തെറ്റിന്റെയും
ശരിയുടെയും നടുവില്‍ നട്ടം
തിരിയുന്ന മനസ്സുമായി ഞാന്‍
ഇന്നും എല്ലായിടവും തെരയുന്നു,
ആര്‍ക്ക് വേണ്ടിയെന്നറിയാതെ എന്തിനു
വേണ്ടിയെന്നുമറിയാതെ..........